കുറ്റിപ്പുറംസബ്ജില്ലാ സ്കൂള്‍ കലോത്സവം ഈവര്‍ഷം ആതവനാട് ഹൈസ്കൂളില്‍

Tuesday 11 September 2012

വിദ്യാലയ മുറ്റത്ത്


ഴവില്ലുകളും ചിത്രശലഭങ്ങളും മനസ്സില്‍ നിറയുന്ന
കലാലയത്തിന്റെ കാല്പനികലോകം........
കറുകപ്പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന നാട്ടുവഴികളില്‍
അരിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതയോരങ്ങളില്‍
കുത്തിയൊഴുകുന്ന വഴിച്ചാലുകളില്‍ നിന്നും
പരല്‍ മീനുകളെ കോരിയെടുത്ത്-
പാടവരമ്പിലൂടെ പാഞ്ഞുപോകുന്ന കുട്ടിക്കാലം.

കുഴിയാനകളുടെ കൂടാരം തേടി
മണ്ണിരകളുടെ താവളം തേടി
മഴപ്പാറ്റകളുടെ രഹസ്യത്തിലേക്ക്
ഊര്‍ന്നിറങ്ങിയ ദാര്‍ശനികത.....
തകര്‍ത്തുപെയ്യുന്ന കാലവര്‍ഷത്തിന്റെ
കസവിഴകള്‍ വകഞ്ഞുമാറ്റി മഴവെള്ളത്തിലൂടെ
കടലാസുതോണിയേറി കടല്‍ താണ്ടിയ സാഹസികത.

പറക്കമുറ്റാത്ത പക്ഷിക്കുരുന്നുകള്‍ക്ക്
പാര്‍പ്പിടം തീര്‍ത്ത നിഷ്കളങ്കത.
ഒടുവില്‍ അന്വേഷണത്തിന്റെയും അറിവിന്റെയും പടവുകള്‍ കയറി
പള്ളിക്കൂടമണയുമ്പോള്‍ പുതിയ സൗഹൃദത്തിന്റെ ഊഷ്മളത.

അക്ഷരമാലകളില്‍ മുങ്ങിത്തപ്പി,
പുസ്തകപ്പൂക്കളുടെ സുഗന്ധം നുകര്‍ന്ന്
വാക്കുകളുടെ മധുരം നുണഞ്ഞ്
കൗമാരത്തിലേക്ക് വഴിമാറുമ്പോള്‍
വര്‍ത്തമാനകാലത്തിന്റെ പുതിയ വാഗ്ദാനവുമായ്
വാക്കുകള്‍ക്കും വരകള്‍ക്കുമിടയില്‍ പുഷ്പിക്കുന്ന
സര്‍ഗ്ഗചൈതന്യത്തെ ആവാഹിച്ചെടുത്ത
സൂക്ഷ്മമായ അനുഭവങ്ങള്‍;
മഷിത്തണ്ടിനാല്‍ മായ്ച്ചുകളയാനാകാത്ത
ഒരുപിടി ദൃശ്യാനുഭവങ്ങള്‍.......