കുറ്റിപ്പുറംസബ്ജില്ലാ സ്കൂള്‍ കലോത്സവം ഈവര്‍ഷം ആതവനാട് ഹൈസ്കൂളില്‍

ഇന്നലെകളിലൂടെ

ഇന്നലെകളിലൂടെ....
---------------------
  • ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ പെട്ട ആതവനാട് ഗ്രാമം. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുമായി ബന്ധപ്പെട്ടുകിടക്കുന്ന പെരുമയും ഐതീഹ്യവും ഈ നാടിനെ കൂടുതല്‍ ധന്യമാക്കുന്നു.എഡി 1300-ന് മുമ്പ്'ശേഖരവര്‍മ്മമാര്‍'എന്ന രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആതവനാട്. മാറഞ്ചേരിയില്‍ താമസമുറപ്പിച്ചിരുന്ന ആഴ്‌വാഞ്ചേരി കുടുംബത്തെ സാമൂതിരി ആതവനാട്ടേക്ക് കൊണ്ടുവരുകയായിരുന്നു. 'ആഴ്‌വാഞ്ചേരിതമ്പ്രാക്കള്‍ വാണ നാട്' എന്ന പ്രയോഗം ലോപിച്ച് ആതവനാട് ആയി മാറുകയായിരുന്നു. ഇപ്പോള്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടെ പ്രദേശത്തെ വലിയെരു ഭാഗം ഭൂമിയുടെയും ജന്മം ആഴ്‌വാഞ്ചേരി മനക്കായിരുന്നു.

  • 1970-കളുടെ തുടക്കത്തില്‍ത്തന്നെ പ്രദേശത്ത് ഹൈസ്കൂളിനുള്ള ആലോചനകള്‍ നടന്നു വന്നിരുന്നു. കെ.ടി കുഞ്ഞൂട്ടി ഹാജി,രാമന്‍ തമ്പ്രാക്കള്‍, ആലിക്കുട്ടി ഹാജി മുതലായ പ്രമുഖന്‍മാര്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുപോന്നു.വെട്ടിക്കാട്ടു ഹുസ്സന്റെ കൈവശമുള്ള ഭൂമിയില്‍ ആറ് മുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ചാക്കീരി അഹമ്മദ് കുട്ടി ആയിരുന്നു. അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയ പതിനാലു ഹൈസ്കൂളുകളില്‍ ഒന്നാണ് മാട്ടുമ്മല്‍ ഗവ:ഹൈസ്കൂള്‍.
  • 1973 ഒക്ടോബര്‍ മാസത്തില്‍ത്തന്നെ കൂടശ്ശേരിപാറ അങ്ങാടിയിലുള്ള മദ്രസയില്‍ എട്ടാംക്ലാസും, അതിനടുത്ത് ഒറുവില്‍ ഖാദര്‍ ഹാജിയുടെ കെട്ടിടത്തിനു മുകളിലത്തെ മുറിയില്‍ ഓഫീസുമായി സ്കൂളിന്റെ ആരംഭം കുറിച്ചു.ആദ്യവര്‍ഷത്തിന്റെ ആരംഭത്തില്‍ ശ്രീ.കള്ളിയത്ത് അബ്ദുറഹിമാന്‍ മാസ്റ്ററാണ്സ്കൂള്‍നിയന്ത്രിച്ചുപോന്നത്.
  • ശ്രീ.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കളും ചേര്‍ന്ന ഒരു യോഗത്തില്‍ വെച്ച് ചെറുവാരത്തൊടി വീരാന്‍കുട്ടി എന്ന വിദ്യാര്‍ത്ഥിയെ ഔപചാരികമായി രജിസ്റ്ററില്‍ ചേര്‍ത്ത് സ്കൂള്‍ പ്രവേശനം ആരംഭിച്ചു. ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത് മദ്രസ കെട്ടിടത്തില്‍ നിന്നാണ്. പി.ടി.എ ഭാരവാഹികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആതവനാട് ഗവ:ഹൈസ്കൂള്‍ ഇന്ന് വിജയഗാഥകളുടെ ഭൂപടത്തില്‍ മുന്നേറിക്കൊണ്ടേയിരിക്കുന്നു......
  • 29-ഓളം കുട്ടികളുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് +1,+2 ബാച്ചുകള്‍ വരെ എത്തിനില്‍ക്കുന്നു. ആദ്യ എസ്എസ്എല്‍സി ബാച്ച് 40% വിജയം കൈവരിച്ചു.അധ്യാപക ദൗര്‍ലഭ്യം പഠനനിലവാരത്തെ ബാധിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷല്‍ കോച്ചിംഗുകളും മറ്റും സംഘടിപ്പിച്ച് വിജയശതമാനം ഉയര്‍ത്താന്‍ തീവ്രമായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി വിജയശതമാനം 15, 25 എന്നിങ്ങനെ പടിപടിയായി ഉയരാന്‍ തുടങ്ങി. പഞ്ചായത്തിന്റെ സഹായത്തോടെ 'WIN 2001'എന്ന പഠനസഹായ പദ്ധതി ആവിഷ്കരിച്ചു.തുടര്‍ന്ന് വിജയഭേരിയും സ്ഥിരം അധ്യാപകരുടെ നിയമനവും സ്കൂളിന്റെ പുരോഗതിക്ക് വേഗം കൂട്ടി.1982-ല്‍ വി.പി രാമകൃഷ്ണക്കുറുപ്പിന്റെ കാലത്ത് വാര്‍ഷികോത്സവം നടന്നു. ശ്രീ.ഇ അബ്ദുറഹിമാന്‍ ഹെഡ് മാസ്റ്റര്‍ ആയിരിക്കെ എം.പിഫണ്ട് ഉപയോഗിച്ച് +2 കെട്ടിടത്തിന് തുടക്കം കുറിച്ചു.തുടര്‍ന്നു് ശ്രീ.ഇ കൃഷ്ണന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും പ്രിന്‍സിപ്പിള്‍ ഇന്‍ ചാര്‍ജ്ജ് ആയുംസ്ഥാനമേറ്റു. തുടര്‍ന്നുള്ള കാലം സ്കൂളിന്റെ മുന്നോട്ടുള്ള യാത്രയില്‍ വമ്പിച്ച പുരോഗതി ദൃശ്യമായി.കുടുംബശ്രീയുടെ സഹായത്തോടെ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത് മുതലായവ മുഖാന്തിരം പുതിയ കമ്പ്യൂട്ടറുകള്‍ വന്നുചേര്‍ന്നു.കെ.ടി ജലീല്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും സ്മാര്‍ട്ട് റൂം തയ്യാറാക്കുന്നതിനു വേണ്ടി പ്രൊജക്ടര്‍,കമ്പ്യൂട്ടര്‍ എന്നിവ ലഭിച്ചു. 2004-ലാണ് ഹൈസ്കൂള്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തിയത്. പി.ടി.എ യുടെ സഹായത്തോടെ ഫര്‍ണ്ണീച്ചര്‍ ഉണ്ടാക്കാനുള്ള ഫണ്ടുകള്‍ ശേഖരിച്ചു. 

  • പി.ടി.എ പ്രസിഡണ്ടായിരുന്ന (1998 മുതല്‍ പി.ടി.എ പ്രസിഡണ്ടാണ്)ശ്രീ ആതവനാട് മുഹമ്മദ് കുട്ടി ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ച് ലാബ് സജ്ജീകരണത്തിനായി 50000 രൂപയുടെ സഹായങ്ങള്‍ ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് 3 ലക്ഷം രൂപയും ലഭ്യമാക്കി ലാബ് നവീകരിച്ചു.തുടര്‍ന്നുള്ള കാലങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരുടെ സാന്നിധ്യവും രക്ഷിതാക്കളുടെ സഹകരണവും കഠിനപ്രയത്നവും മൂലം ആതവനാട് ഗവ:ഹൈസ്കൂള്‍ ഇന്നത്തെ നിലയില്‍ പ്രശോഭിച്ചു നില്‍ക്കുന്നു.കലാകായിക രംഗങ്ങളില്‍ മികച്ച പുരോഗതി നേടുവാന്‍ സ്കൂളിന് കഴിഞ്ഞു.2007-ല്‍ കൃഷ്ണന്‍ മാസ്റ്റര്‍ സ്കൂളില്‍ നിന്നു വിട വാങ്ങുമ്പോല്‍ വിജയശതമാനം 63%-ല്‍ എത്തിയിരുന്നു. പ്രതിഭകളായ വിദ്യാര്‍ത്ഥികളുടെ കടന്നു വരവോടെ സ്കൂളിന്റെ സാംസ്കാരിക രംഗം കൂടുതല്‍ സജീവമായി.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ കെ.ടി രാമകൃഷ്ണന്‍ മസ്റ്ററാണ്.ഒടുവിലത്തെ എസ്.എസ്.എല്‍.സി വിജയശതമാനം 99%-ല്‍ എത്തിനില്‍ക്കുന്നു.............................................
     

No comments:

Post a Comment